2010, ഫെബ്രു 13

വഴി


ഒരാളോടും
ചോദിക്കുന്നില്ല,
ചോദിക്കില്ല, നിന്‍
                                   
ഹൃത്തിലേക്കുള്ളൊ-
രൊറ്റയടിപ്പാത.

പൂ പറഞ്ഞു,
പൂതംപറഞ്ഞു
പൂന്കോഴി പറഞ്ഞു
വഴിക്കൂട്ടു വരാമെന്ന്
വഴിച്ചൂട്ടു തരാമെന്ന്.

പൂവേണ്ട കൂട്ടിന്
കാവലിനു പൂതവും
ഇരുട്ടിനെ
കൂകിപ്പാറ്റി വെളിച്ചം
പെറുക്കാന്‍
പൂന്കോഴിയും വേണ്ട

വേണ്ട,
കണ്ണടച്ചേ നടക്കാ
മെനിക്കേതുറക്കിലും
രാവിലും
ഇടവഴി
നടവഴി
തെറ്റില്ലൊരിക്കലും
പാതിവഴിക്കിരിക്കില്ല
പാറമേല്‍ വഴുക്കില്ല
പാദമിടറില്ലെനി
ക്കേറെ നിശ്ചയം, നിന്‍
ഹൃത്തിലേക്കുള്ളൊ
രൊറ്റയടിപ്പാത

2010, ഫെബ്രു 12

രാത്രി സംഭാഷണം

ഉറങ്ങിയിട്ടില്ലിതേവരെ
ഞാനും മഴയുമീരാവില്‍
പറഞ്ഞിട്ടും പറഞ്ഞിട്ടും
തീര്‍ന്നീല
പരിഭവങ്ങള്‍ പരാതികള്‍
പതിരെങ്കിലും വാക്കുകള്‍
ഇടക്കൊച്ചമുറിഞ്ഞും
തേങ്ങലായ് പൊന്തിയും
കണ്ണീരൊഴുക്കിയും
വിതുന്പുന്നു, മഴ

മുഖസ്തുതി പറഞ്ഞും, വാക്കില്‍
മധുരമിറ്റിച്ചും
സ്വാന്തനമേറ്റുന്നു ഞാന്‍
ഇന്നിനി നമുക്കുറങ്ങേണ്ടെന്ന്
പാതിരാക്കോഴി
കൂകുന്നേരം മഴ
വേണ്ടെന്നര്‍ദ്ധബോധത്തില്‍
ഞാന്‍

ഉറങ്ങുന്നില്ലിനി
മഴയും ഞാനുമീരാവില്‍

2010, ഫെബ്രു 3

മഴ കഴിഞ്ഞ്













ഒരിക്കലൂടെപ്പറഞ്ഞോട്ടേ,  സഖീ
നിലാപ്പഴുതില്‍നിറച്ച
പ്രേമത്തിന്‍
മഴച്ചാറ്റിന്‍ കഥ
ചാഞ്ഞുപെയ്തൊരാ-
രാത്രികളൊക്കെ
മനസിലേറ്റി നാം
കോലായില്‍
കാല്‍നീട്ടിയിരുന്ന നിന്‍
മടിയില്‍ മയങ്ങി
കിനാവിലലിഞ്ഞതും

വാക്കെരിയുന്നോരു
നെരിപ്പോടിന്‍
ചാരെചൂടു കൊണ്ടതും
തീപ്പൊട്ടില്‍
നെഞ്ചുള്ളു പൊള്ളീതും
കണ്ണീരുപ്പു തൊട്ടു നീ
നീറ്റലകറ്റീതും

ഇരുണ്ടരാത്രികളില്‍
വഴിച്ചൂട്ടായ്
തെളിഞ്ഞു നിന്നനിന്‍
മിഴിയിണകളില്‍
ഒരു മയിപ്പീലി-
ത്തുണ്ടാല്‍ തൊട്ടതും

ഹൃദയാഴങ്ങളില്‍
മഴപ്പെയ്ത്തിനൊപ്പം
ചുഴിഞ്ഞിറങ്ങിയതും

പ്രണയഘടികാരം
നിലക്കുംമുന്പെ
വിളിച്ചുണര്‍ത്തി
നാമിരുവഴിക്കെന്നോര്‍പ്പിച്ചു
പിന്നേയും,
മഴച്ചാറല്‍ തോരാന്‍
കാത്തുനില്ക്കുവോര്‍
മഴയില്‍ പരസ്പരം
കഥമറന്നോവര്‍

നനഞ്ഞമണ്ണിന്‍
കുഴഞ്ഞ വഴികള്‍
രണ്ടെന്നുണര്‍ത്തി
പിരിഞ്ഞു പോകുവോര്‍